വിരാട് കോഹ്ലിയുടെ മോശം പ്രകടനത്തിന്റെ പേരില്‍ ഭാര്യയും നടിയുമായ അനുഷ്ക ശര്‍മയെ വേട്ടയാടുന്നവര്‍ക്കെതിരേ താരം മുന്‍പ് നടത്തിയ പ്രതികരണങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു.
2017-ല്‍ വിവാഹിതരായത് മുതല്‍ പലപ്പോഴും അനുഷ്ക സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുണ്ട്. അടുത്തിടെ, മുന്‍ ക്രിക്കറ്റ് താരവും നടനുമായ യോഗ്രാജ് സിംഗ് നടത്തിയ ലിംഗവിവേചനപരമായ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് കോഹ്ലിയുടെ പഴയ വാക്കുകള്‍ പ്രസക്തമാകുന്നത്.
2015 ലോകകപ്പ് സെമിഫൈനലില്‍ താന്‍ നേരത്തെ പുറത്തായപ്പോള്‍ ഗാലറിയില്‍ കളി കാണാനിരുന്ന അനുഷ്കയെ ശകുനപ്പിഴ- എന്നു വിളിച്ച് ആക്ഷേപിച്ചതിനെക്കുറിച്ച് കോഹ്ലി തുറന്നുപറഞ്ഞു:
എന്തുകൊണ്ടെന്നറിയില്ല, നമ്മുടെ നാട്ടിലെ ആളുകള്‍ക്ക് സ്ത്രീകളെ പഴിചാരുന്നതില്‍ വലിയ താത്പര്യമാണ്. കളിയില്‍ യാതൊരു പങ്കുമില്ലാത്ത, തന്റെ ഭര്‍ത്താവിനെയും രാജ്യത്തെയും പിന്തുണയ്ക്കാന്‍ എത്തിയ ഒരാള്‍ തോല്‍വിക്ക് കാരണമായി എന്ന് പറയുന്നത് വിചിത്രമാണ്..!
ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കേണ്ട സമയമായെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
യോഗ്രാജ് സിംഗ് ഉയര്‍ത്തിയ വിവാദം
ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്രാജ് സിംഗ് അടുത്തിടെ നടത്തിയ പ്രസ്താവനയാണ് ഈ ചര്‍ച്ചകള്‍ക്ക് വീണ്ടും തിരികൊളുത്തിയത്. കായികതാരങ്ങള്‍ നേരത്തെ വിരമിക്കുന്നതിനു കാരണം അവരുടെ ഭാര്യമാരും കുട്ടികളുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.
മുപ്പത് വയസു കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് രൂപഭംഗി നഷ്ടപ്പെടുമെന്നും, കുടുംബം നോക്കണമെന്ന് പറഞ്ഞ് ഭാര്യമാര്‍ താരങ്ങളെ വിരമിക്കാന്‍ നിര്ബന്ധിക്കുമെന്നുമാണ് അദ്ദേഹം പരിഹസിച്ചത്. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും വിരമിക്കാന്‍ ആലോചിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബവും കുട്ടികളെ വളര്‍ത്തുന്നതും സ്ത്രീകളുടെ മത്രം ഉത്തരവാദിത്തമാണെന്ന ചിന്താഗതിയാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നത്. ഒരു കായികതാരത്തിന്റെ കരിയറിലെ ഉയര്‍ച്ചതാഴ്ചകളില്‍ പങ്കാളികളെ വലിച്ചിഴയ്ക്കുന്നതിലെ അനീതിയാണ് കോഹ്ലിയുടെ വാക്കുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
പുരുഷന്മാരുടെ പരാജയങ്ങള്‍ക്കു സ്ത്രീകളെ ബലിയാടാക്കുന്ന സമൂഹത്തിലെ ഇരട്ടത്താപ്പിനെതിരേ ശക്തമായ നിലപാടാണ് കോഹ്ലിയുടേത്.